പരിശീലനം

വോളണ്ടിയറായി തെരഞ്ഞടുക്കപ്പെടുന്നവർക്ക് ചിട്ടയായ പരിശീലനം നൽകും. കായിക ക്ഷമത ഉയർത്തുന്ന പരിശീലനങ്ങൾ, പ്രാഥമികചികിത്സാ പരിശീലനം, രക്ഷാപ്രവർത്തനങ്ങളിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടൽ, പ്രത്യേക സന്ദർഭങ്ങളിൽ പ്രാദേശികമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രാദേശികമായ സന്നദ്ധതയും ജാഗ്രതയും ഉറപ്പാക്കുന്നതിന് വോളണ്ടിയർമാർ ശേഖരിച്ച് സൂക്ഷിക്കേണ്ട വിവരങ്ങൾ എന്നിവയ്ക്ക് പുറമേ വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ തുടങ്ങിയവയും കൂടി ഉൾപ്പെടുന്ന വിധം സമഗ്രമായ പരിശീലനമാണ് നൽകുക.

പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക പരിശീലനങ്ങൾ, അഗ്‌നിരക്ഷാ വകുപ്പിന്‍റെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിൽ, അതത് യൂണിറ്റുകളെ ബന്ധിപ്പിച്ചിട്ടുള്ള ഫയർ സ്‌റ്റേഷൻ തലത്തിലും കൂടുതൽ വിശദമായ പരിശീലനങ്ങൾ ജില്ലാതലത്തിലും നൽകുന്നതാണ്. യുദ്ധകാല പരിതസ്ഥിതികളും കടുത്ത ദുരന്താഘാത സ്ഥിതിയും നേരിടുന്നതിനുള്ള വിദഗ്ദ്ധ പരിശീലനങ്ങൾ തൃശ്ശൂരിലെ സിവിൽ ഡിഫൻസ് അക്കാദമിയിലും കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായും നല്‍കുന്നതാണ്.

ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഭരണപരമായി കേരള അഗ്‌നിരക്ഷാ വകുപ്പിന്‍റെ മേൽനോട്ടത്തിലും അതത് ഫയർ സ്‌റ്റേഷനുകൾക്ക് കീഴിലും ആയിരിക്കും. അതേ സമയം സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരായ ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കൂടി പാലിക്കപ്പെടുകയും ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയ്ക്ക് സേവനം ആവശ്യമാകുന്ന സന്ദർഭങ്ങളിൽ ഏറ്റവും വേഗം ആയത് ലഭ്യമാക്കാനുള്ള നോഡല്‍ കോണ്‍ടാക്ട് ഓഫീസര്‍മാര്‍ സംസ്ഥാന ജില്ല ഫയര്‍‌സ്റ്റേഷന്‍ തലത്തിലുണ്ടാകും