2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തിന് നൽകിയ ഏതാനും പാഠങ്ങളിലൊന്ന് സമൂഹത്തിൻറെ നന്മയേയും യുവജനതയുടെ സേവനശേഷിയേയും അംഗീകരിക്കേണ്ടതുണ്ട് എന്നതാണ്. ഓർക്കാപ്പുറത്തെത്തിയ പ്രകൃതി ദുരന്തം പരിചിത സംവിധാനങ്ങളെ ഒന്നാകെ കടപുഴകിച്ച ദിവസങ്ങളിൽ കേരള ജനതയെ കരുത്തോടെ താങ്ങി നിർത്തിയത് എല്ലാ വ്യത്യാസങ്ങളേയും മറികടന്നു സ്വയമെത്തിയ സേവനസന്നദ്ധരായ വലിയൊരു സമൂഹമായിരുന്നു. ആജ്ഞകളോ ആഹ്വാനങ്ങളോ മുൻപരിചയമോ പോലുമില്ലാതെ ഒറ്റയ്ക്കും ചെറു കൂട്ടായ്മകളുമായെത്തിയ ആ സമൂഹം വലുപ്പച്ചെറുപ്പമില്ലാതെ ഒരേ ലക്ഷ്യത്തോടെ കൈ കോർത്തു. ഓരോരുത്തരും പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സമൂഹത്തിന്‍റെ സുരക്ഷ മാത്രം ആഗ്രഹിച്ച് അവരവരുടെ ശേഷികൾ വിനിയോഗിച്ചു. നൂറ്റാണ്ടിലൊരിക്കലെത്തിയതെന്ന് പറയാവുന്ന ആ മഹാദുരന്തത്തിൽ തകർന്നു പോകാതെ ഏതാനം മാസങ്ങൾക്കകം സാധാരണ നിലയിലേക്ക് കേരളം മടങ്ങിയെത്തിയതിന്‍റെ മുഖ്യകാരണങ്ങളിൽ ഒന്ന് കേരളജനത ഒറ്റക്കെട്ടായി നൽകിയ ആ സന്നദ്ധസേവനമായിരുന്നു. കേരളത്തിന്‍റെ സമ്പത്തായ ഈ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.
'2019- വര്‍ഷത്തിലും ഏതാണ്ട് സമാനമായ സാഹചര്യമാണുണ്ടായത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ കേരളം അടക്കമുള്ള ഭൗമമേഖലയിൽ ആവർത്തിക്കപ്പെടാനിടയുണ്ട് എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു കരുത്തുറ്റ ജനകീയ ദുരന്തപ്രതിരോധ സേന രൂപപ്പെടുത്തുന്നതും ജനങ്ങൾക്ക് ദുരന്താതിജീവന ശീലങ്ങളിൽ അവബോധമേകുന്നതും പ്രധാനമാണ്. സന്നദ്ധസേവനത്തിൻറെ ഊഷ്മളതയും ആത്മാർപ്പണവും നഷ്ടമാകാതെയും ചിട്ടയായ പരിശീലനവും പ്രവർത്തന ചട്ടക്കൂടും നൽകുന്ന സംഘാടനമികവ് സ്വംശീകരിച്ചും ജനകീയ സന്നദ്ധസേന രൂപപ്പെടുത്തുക എന്നതാണ് കേരളാ സിവിൽ ഡിഫൻസിന്‍റെ ലക്ഷ്യം.
യുദ്ധകാല തീവ്രവാദി ആക്രമാണ പരിതസ്ഥിതികളിൽ പൊതുസമൂഹത്തിൻറെ സൂരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ സഹായിക്കാനായി സിവിൽ വോളൻറിയർമാരെ സജ്ജരാക്കുന്നതിനുള്ള നിയമമാണ് 1968 ൽ രൂപീകരിച്ച സിവിൽ ഡിഫൻസ് ആക്ട്. 2009 ൽ അംഗീകരിച്ച സിവിൽ ഡിഫൻസ് (അമെൻറ്‌മെൻറ്) ആക്ട് പ്രകാരം ദുരന്ത പ്രതിരോധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടി ഈ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നു. നിലവിൽ കേരള അഗ്‌നിരക്ഷാ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സിവിൽ ഡിഫൻസ് പദ്ധതിയെ കേരളത്തിന്‍റെ സമ്പത്തായ ജനകീയ സന്നദ്ധസേവനക്കൂട്ടായ്മയുമായി ഇഴചേർക്കുന്നതിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ജനകീയ മുഖമേകാനാകും.
പൂർണ്ണസമയം ജീവൻ രക്ഷാപ്രവർത്തന സജ്ജമായ അഗ്‌നിരക്ഷാ വകുപ്പിന്‍റെ നേതൃത്വവും, സുസംഘടിതമായ പരിശീലനവും, സേവനസന്നദ്ധതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ജനകീയ കൂട്ടായ്മയ്ക്ക് പ്രകൃതിദുരന്ത സമയത്തെ അടിയന്തിര സേവനങ്ങൾക്ക് ഉപരിയായി വാഹനാപകടങ്ങൾ പോലെയുള്ള ദുരന്തങ്ങളിൽ പെട്ടെന്ന് സഹായെമെത്തിക്കാനും വയോജനങ്ങളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ജാഗ്രതാസേന കൂടിയായി സിവിൽ ഡിഫൻസിന് പ്രവർത്തിക്കാനാകും.