ചുമതലകൾ

  1. പ്രകൃതിദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ പ്രാദേശികമായി സംപ്രേഷണം ചെയ്യപ്പെടുകയും ദുരന്താഘാതമേൽക്കാനിടയുള്ള ജനങ്ങളിലേക്ക് അവ എത്തുകയും ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ആവശ്യമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളോട് ആവശ്യപ്പെടുക

  2. അപകടങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ അതിന്‍റെ വ്യാപ്തി മനസ്സിലാക്കി രക്ഷാപ്രവർത്തകർക്കും പോലീസിനും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും സമയബന്ധിതമായ അറിയിപ്പ് നൽകുക

  3. രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതിനുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന മുന്നൊരുക്കങ്ങളും ദുരന്തത്തിന്‍റെ വ്യാപ്തി കൂടാതെയിരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയും അതിനായി പരിസരവാസികൾക്ക് നിര്‍ദ്ദേശവും നേതൃത്വവും നല്‍കുക. (ഉദാഹരണമായി വലിയ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും അഗ്‌നിബാധയുണ്ടാകുമ്പോൾ അവിടെ ലഭ്യമായ അഗ്‌നിശമനസംവിധാനങ്ങളുടെ ശരിയായ ഉപയോഗം തന്നെ അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കും, എൽ. പി. ജി./പെട്രോൾ/രാസവസ്തു ചോർച്ച അപകടങ്ങളിൽ പ്രദേശവാസികളെ അടിയന്തിരമായി ജാഗ്രപ്പെടുത്തുകയാണ് ആവശ്യമാകുക.)

  4. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തിരവും ശരിയായ രീതിയിലുള്ളതുമായ സഹായമെത്തിക്കുക. (വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റവർക്ക് എത്രയും വേഗം വൈദ്യസഹായം നൽകാനായി ആംബുലൻസിലേക്കും മറ്റും നീക്കുന്നത് അവരുടെ നില കൂടുതൽ വഷളാകാത്ത വിധം ആവേണ്ടതുണ്ട്. പരിശീലനമുള്ള വോളണ്ടിയറുടെ സഹായം ഇക്കാര്യത്തിൽ പ്രധാനമാണ്.)

  5. പോലീസ്, ഫയർ ഫോഴ്‌സ്, ഹൈവേ പോലീസ് എന്നിവയ്ക്കുപരിയായി, ദുരന്തസമയത്തും അപകടങ്ങളിലും അടിയന്തിരമായി ഇടപെടേണ്ട സേവനസൗകര്യങ്ങളുടെ (ആശുപത്രികൾ, ആംബുലൻസ് സർവ്വീസ്, ജെ. സി. ബി./ക്രെയിൻ സർവ്വീസുകൾ) ലഭ്യതയും അവരെ ബന്ധപ്പെടാനുള്ള നമ്പരുകളും ശേഖരിച്ച് സൂക്ഷിക്കുകയും അടിയന്തിരഘട്ടങ്ങളിൽ അവ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുക

  6. ദുരന്തസമയത്ത് പ്രദേശവാസികളെ ഒഴിപ്പിക്കുകയും റെസ്‌ക്യു ഷെൽട്ടറുകൾ ആരംഭിക്കുകയും വേണ്ടിവന്നാൽ അതിനുള്ള പ്രാദേശിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അവയുടെ നടത്തിപ്പിനും ബന്ധപ്പെട്ട അധികാരികളെ സഹായിക്കുക

  7. പ്രാദേശികമായി രക്ഷാപ്രവർത്തനത്തിനും പുനരധിവാസ  പുനർനിർമ്മാണ പ്രവർത്തനങ്ങളിലും സഹായിക്കുകയും പ്രദേശവാസികൾക്ക് സഹായങ്ങൾ എത്തിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുക

  8. അതത് പ്രദേശത്തെ സ്‌കൂളുകളിലുള്ള സ്റ്റുഡൻറ് പോലീസ് കേഡറ്റു (SPC) കൾക്ക് ചിട്ടയായ ദുരന്തപ്രതിരോധ  അതിജീവനപരിശീലനം സംഘടിപ്പിക്കുക.

  9. സമൂഹത്തിൽ ദുരന്ത അതിജീവനക്ഷമത ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങൾക്ക് പരിശീലനപരിപാടികളും അവബോധന പ്രവർത്തനങ്ങളും സംഘടിപ്പിക്കുക. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രദേശത്ത് പ്രതിവർഷം തെരഞ്ഞടുത്ത 50 പേർക്ക് ദുരന്തപ്രതിരോധ  അതിജീവന പരിശീലനം സംഘടിപ്പിക്കണം. ഇത് വിദ്യാർത്ഥികൾ, സ്ത്രീകൾ, ആരോഗ്യപ്രവർത്തകർ, പ്രത്യേക തൊഴിലാളി വിഭാഗങ്ങൾ എന്നിങ്ങനെ കാറ്റഗറി തിരിച്ച് അതത് വിഭാഗത്തിന്‍റെ അനുയോജ്യമായ രീതിയിലാകാം. അതിലൂടെ വരുന്ന ഏതാനും വർഷങ്ങൾകൊണ്ട് തന്നെ സമൂഹത്തിൽ ദൃശ്യമായ മാറ്റങ്ങൾ കൈവരിക്കാനാകും

  10. ഇത്തരത്തിൽ ഗ്രൂപ്പുതലത്തിൽ സംഘടിപ്പിക്കുന്ന പരിശീലനപരിപാടികളുടെ ഭാഗമായി ദുരന്തസമയത്ത് വോളണ്ടിയർമാർക്ക് തങ്ങളുടെ സഹായത്തിനായി വിളിച്ചുവരുത്താനാകുന്ന മിടുക്കരായ രണ്ടാം നിര സന്നദ്ധപ്രവർത്തകരെ വളർത്തിയെടുക്കണം. ഓരോ യൂണിറ്റുകളും പ്രതിവർഷം 10 പേരെയെങ്കിലും ഇത്തരത്തിൽ കണ്ടെത്തി പരിശീലിപ്പിക്കണം. ഓരോ വർഷവും പിരിഞ്ഞുപോകുന്ന വോളണ്ടിയർമാർക്കു പകരം ഈ രണ്ടാംനിര പ്രവർത്തകരിൽ നിന്നും മികച്ച വ്യക്തികളെ വോളണ്ടിയർമാരായി തെരഞ്ഞെടുക്കാനാകും.