ഞങ്ങളെക്കുറിച്ച്

ആമുഖം

സ.ഉ (കൈ) നം. 132/2019 ആഭ്യന്തരം തീയതി, തിരുവനന്തപുരം 30-08-2019 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്സിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയും മേധാവി. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പരിശീലനങ്ങള്‍ വിയ്യൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ വെച്ച് നല്‍കുന്നതാണ്.

1968ല്‍ നിലവില്‍ വന്ന സിവില്‍ ഡിഫന്‍സ് ആക്ട് അനുസരിച്ചുള്ള ചുമതലകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് (അമെന്‍റമെന്‍റ്) ആക്ട് 2009ന്‍റെ 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍റെ അധികചുമതലയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുന്ന ചുമതല കൂടി സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ നിര്‍വ്വഹിക്കുന്നതാണ്. കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയങ്ങളുടെ കീഴിലും 50 പേര്‍ വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കും. കേരളത്തിലെ നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6200 പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനമാണ് വിഭാവനം ചെയ്യുന്നത്. ദുരന്തനിവാരണ അഗ്നിരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.